റായ്പൂര്‍: ഏഴുമണിക്കൂറില്‍ 101 സ്ത്രീകള്‍ക്ക് വന്ധീകരണ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ചത്തിസ്ഗഢ് സര്‍ക്കാര്‍. സുര്‍ഗുജ ജില്ലയില്‍ നടന്ന വന്ധീകരണ ക്യാമ്പിലാണ് കൂട്ട ശസ്ത്രക്രിയ നടന്നത്.
ആഗസ്ത് 27ന് ഉച്ചക്ക് 12 മുതല്‍ രാത്രി ഏഴു മണി വരെയായി മാനിപത്ത് ബ്ലോക്കിലെ നര്‍മദാപൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാദേശിക പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ സ്പെഷ്യലിസ്റ്റ് ഡോ. ജിബ്നുസ് എക്കക്കും ബ്ലോക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍പി സിംഗിനും സുര്‍ഗുജ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ പിഎസ് സിസോദിയ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബാസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പിലെ 101 ഓപറേഷനുകളും ഏക ഗവണ്മെന്റ് സര്‍ജനാണ് ചെയ്തത്. ഇതിന് വിധേയരായ സ്ത്രീകള്‍ക്ക് കുഴപ്പങ്ങളൊന്നുമില്ല.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരു ദിവസം ഒരു സര്ജന് പരമാവധി 30 ഓപറേഷനുകള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഇത് ലംഘിക്കപ്പെട്ടത് പരിശോധിക്കുമെന്ന് ഡോ. ശുക്ല പറഞ്ഞു. വിദൂര ഗ്രാമങ്ങളില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞ് നിരവധി സ്ത്രീകള്‍ ഓപ്പറേഷന് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് സര്ജന് അവകാശപ്പെട്ടു.
2014 നവംബറില്‍ ബിലാസ്പൂരില്‍ സര്‍ക്കാര്‍ നടത്തിയ വന്ധീകരണ ക്യാമ്പില്‍ പങ്കെടുത്ത 83 സ്ത്രീകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാവുകയും 13 പേര് മരിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
Discussion about this post