കെവാഡിയ: ബിജെപിയെ ഭീകരര്‍ക്ക് ഭയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ഗുജറാത്തിലെ കെവാഡിയയില്‍ സംസ്ഥാന ബിജെപി പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെ വിടില്ല. മോഡിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്. ഭീകരര്‍ക്കെല്ലാം ബിജെപി സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നത്. അതൊരു ചെറിയ കാര്യമല്ല, രാജ്നാഥ് സിങ് പറഞ്ഞു.
തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍പ്പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരവാദികള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കി, അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും രാജ്നാഥ് സിങ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയിട്ടും രാജ്യത്ത് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇതുവരെ പറന്നുയരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post