ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും രാജ്യത്ത് 13 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഇതോടെ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 680 ആയി.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ബുധനാഴ്ച 112.1 മില്ലമീറ്റര്‍ മഴ ലഭിച്ചു. 19 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്.
അസമിലെ 22 ജില്ലകളിലും ബീഹാറിലെ 36 ജില്ലകളിലും ഉത്തര്‍പ്രദേശിലെ 12 ജില്ലകളിലും ബംഗാളിലെയും ജാര്‍ഖണ്ഡിലെയും 2 ജില്ലകളിലും മഴക്കെടുതി സാരമായി ബാധിച്ചു. ഗംഗ, കോസി, ഭാഗ്മതി, മഹാനന്ദ നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്.