വലയില്‍ കുടുങ്ങിയത് ‘ഗോല്‍ മത്സ്യം’: 157 മീനുകള്‍ വിറ്റത് 1.33 കോടി രൂപയ്ക്ക്; മത്സ്യത്തൊഴിലാളികളെ കോടിപതിയാക്കി കടലമ്മ

മുംബൈ: മാസങ്ങളായി കടലില്‍ പോകാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികളെ കടാക്ഷിച്ച് കടലമ്മ. നിയന്ത്രണങ്ങള്‍ മാറി കടലിലിറങ്ങിയ മഹാരാഷ്ട്രയിലെ പല്‍ഹാറിലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ‘കടലിലെ സ്വര്‍ണം’ എന്നറിയപ്പെടുന്ന ഗോല്‍ മത്സ്യങ്ങളാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രകാന്തും എട്ട് കൂട്ടാളികളും കടലില്‍ പോയത്. തിരത്തുനിന്ന് 20-25 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് പോയ ഇവര്‍ തിരികെയെത്തിയത് 157 ഗോല്‍ മീനുകളുമായാണ്.

1.33 കോടി രൂപയാണ് മീന്‍ വില്‍പനയില്‍ ലഭിച്ചത്. ലേലത്തിലൂടെയാണ് മീന്‍ വിറ്റത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള വ്യാപാരികളാണ് മീന്‍ വാങ്ങിയത്.

അത്യപൂര്‍വ്വമായി മാത്രം ലഭിക്കാറുള്ളവയാണ് ഗോല്‍ മത്സ്യങ്ങള്‍.
മരുന്നുനിര്‍മാണത്തിനാണ് വ്യാപകമായി ഇവ ഉപയോഗിക്കാറുള്ളത്. ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകളുടെ നിര്‍മാണത്തിനും ഉപയോഗിക്കാറുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതി മത്സ്യമാണ് ഗോല്‍.

ഇന്ത്യന്‍-പസഫിക് സമുദ്രങ്ങളിലാണ് ഗോല്‍ ഫിഷ് പൊതുവേ കാണപ്പെടാറുളളത്. ഗള്‍ഫ് രാജ്യങ്ങളുടെ തീരങ്ങളിലും പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്.

Exit mobile version