ന്യൂഡല്‍ഹി : നോയിഡയില്‍ സൂപ്പര്‍ടെക്ക് കമ്പനി നിര്‍മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയം മൂന്ന് മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. ഫ്ളാറ്റ് ഉടമകള്‍ക്ക് 12 ശതമാനം പലിശയോടെ മുടക്കിയ പണം മടക്കി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍മാണത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന 2014 ഏപ്രിലിലെ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ശരിവച്ചത്. ഫ്ളാറ്റ് നിര്‍മാണത്തില്‍ നോയിഡ ഉദ്യോഗസ്ഥരും കമ്പനിയും തമ്മില്‍ ഒത്തുകളിച്ചെന്നും നിയമലംഘനം നടന്നെന്നും ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര് ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
ആയിരത്തോളം ഫ്ളാറ്റുകളുള്ള 40 നില കെട്ടിടങ്ങള്‍ നിര്‍മാണ കമ്പനി സ്വന്തം ചെലവില്‍ പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേന്ദ്ര ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും ഫ്ളാറ്റ് പൊളിച്ചുനീക്കലിന് മേല്‍നോട്ടം വഹിക്കുക.വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സൂപ്പര്‍ടെക്ക് കമ്പനി വ്യക്തമാക്കി.
Discussion about this post