മുംബൈ: ബോളിവുഡ് താരങ്ങളായ ഹൃതിക് റോഷനും കത്രീന കൈഫും അഭിനയിച്ച പരസ്യത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി സൊമാറ്റോ കമ്പനി രംഗത്ത്.
തങ്ങളുടെ പരസ്യങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പുറത്തിറക്കിയതെങ്കിലും ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സൊമാറ്റോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരേ ആശയത്തെ അടിസ്ഥാനമാക്കി രണ്ടു പരസ്യങ്ങളാണ് സൊമാറ്റോയുടെതായി പുറത്തിറങ്ങിയത്.
ഹൃതിക് റോഷനും കത്രീന കൈഫുമാണ് പരസ്യങ്ങളില്‍ വേഷമിട്ടത്. സൊമാറ്റോ ഡെലിവറി ഏജന്റ് ഹൃതിക് റോഷന് ഫുഡ് ഡെലിവര്‍ ചെയ്യുന്നതാണ് ഒരു പരസ്യം. ഒരു സെല്‍ഫി എടുക്കാമെന്ന് ഹൃതിക് പറയുമ്പോള്‍ ഡെലിവറി ബോയിക്ക് സന്തോഷമാകുന്നു. എന്നാല്‍ പെട്ടെന്നാണ് അടുത്ത ഓര്‍ഡറിനുള്ള നോട്ടിഫിക്കേഷന്‍ ഡെലിവറി ബോയിയുടെ ഫോണിലേക്ക് വരുന്നത്. ഹൃതികിനൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരം ഡെലിവറി ബോയ് സന്തോഷത്തോടെ നിരസിക്കുന്നു. ഓരോ ഉപഭോക്താവും സൊമാറ്റോക്ക് താരമാണെന്ന് പരസ്യം പറയുന്നു.
രണ്ടാമത്തെ പരസ്യത്തില്‍ പിറന്നാള്‍ കേക്ക് തരാമെന്ന് പറയുന്ന കത്രീന കൈഫിന്റെ അടുത്തു നിന്ന് അതു സ്വീകരിക്കാതെ അടുത്ത ഓര്‍ഡര്‍ സ്വീകരിച്ച് ഫുഡ് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ഡെലിവറി ബോയിയെ ആണ് കാണുന്നത്. എന്നാല്‍ ഈ പരസ്യങ്ങള്‍ സോഷ്യല്‍മീഡിയയ്ക്ക് അത്ര പിടിച്ചില്ല.
ഓര്‍ഡറുകള്‍ നല്‍കാനുള്ള ഓട്ടത്തിനിടയില്‍ സൊമാറ്റോ തന്റെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ഒരു മിനിറ്റ് പോലും നല്‍കുന്നില്ലെന്നും ഡെലിവറി ഏജന്റുമാര്‍ക്ക് ന്യായമായ വേതനം നല്‍കുന്നതിനേക്കാള്‍ സെലിബ്രിറ്റി പരസ്യങ്ങള്‍ക്ക് സൊമാറ്റോ പണം ചെലവഴിക്കുകയുമാണെന്നുമാണ് വിമര്‍ശനം.
എന്നാല്‍ ഇതിനെതിരെ സൊമാറ്റോ രംഗത്തെത്തി. ഡെലിവറി ഏജന്റുമാരെ നായകനാക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിട്ടതെന്നും കമ്പനി പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന ഡെലിവറി ബോയ്‌സിന് ബഹുമാനം നല്‍കണമെന്നുമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
The other side of the story… pic.twitter.com/hNRj6TpK1X
— zomato (@zomato) August 30, 2021
ഓരോ ഉപഭോക്താവും തങ്ങളെ സംബന്ധിച്ച് താരമാണെന്നും സൊമാറ്റോ പറഞ്ഞു. നിങ്ങള്‍ ഞങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ചത് പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും സൊമാറ്റോ കൂട്ടിച്ചേര്‍ത്തു.
Discussion about this post