ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയാണ് പ്രശാന്തിനെ പുറത്താക്കിയ കാര്യം അറിയിച്ചത്.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു പുറത്താക്കിയ ശേഷം സുധാകരന് പ്രസ്താവനയിലൂടെ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചു.
Discussion about this post