ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. ഏഴ് ദിവസത്തിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ നെഗറ്റീവാകുന്നത് വരെ നിരീക്ഷണത്തില്‍ തുടരണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗജന്യമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തുന്ന കര്‍ണാടക സ്വദേശികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം ചൊവ്വാഴ്ച ഉത്തരവ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെപ്റ്റംബറിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ മുന്നോടിയായി കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി ആര്‍. അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളും മറ്റുള്ളവരും നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. ഏഴാം ദിവസം അവര്‍ ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാവണം-റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞു.