ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നടത്തുന്ന സംവാദങ്ങള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും തന്നെ പാരയായിരിക്കുകയാണ്. ബൂത്ത് ലെവലിലുള്ള ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്നില്‍ പതറി, ഒടുവില്‍ നന്ദി പറഞ്ഞ് മുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി മോഡി. ഈ വീഡിയോ പങ്കുവെച്ചതാകട്ടെ ബിജെപിയുടെ ഒാഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടിലൂടെയും.
നിര്‍മ്മല്‍ കുമാര്‍ ജെയ്ന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ പുതുച്ചേരിയലെ ബിജെപി പ്രവര്‍ത്തകനാണ് മോഡിയെ വലച്ചത്. പ്രധാനമന്ത്രിയോട് താങ്കള്‍ നടപ്പാക്കുന്ന പ്രവര്‍ത്തികള്‍ നല്ലതാണ്, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യവര്ഗജനങ്ങളില് നിന്നും ഏതെല്ലാം തരത്തില്‍ നികുതി പിരിക്കാമെന്നതില് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നെന്നാണ് ജെയിനിന്റെ വിമര്‍ശനം. കൂടാതെ, ലോണിനായുള്ള നടപടിക്രമങ്ങളും, ബാങ്ക് ഇടപാട് ഫീസും പിഴയും എല്ലാം നടപ്പിലാക്കി മധ്യവര്‍ഗത്തെ കൂടുതല്‍ വലച്ചിരിക്കുന്നെന്നും ജെയ്ന്‍ പറയുന്നു, താന്‍ ഇപ്പോള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത് ഇക്കൂട്ടര്‍ക്ക് അല്‍പ്പം ആശ്വാസമാണെന്നും പറഞ്ഞാണ് ജെയ്ന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
അതേസമയം, പാര്‍ട്ടിയുടെ അടുത്ത അണിയില്‍ നിന്നു തന്നെ ഇത്തരത്തിലൊരു വിമര്‍ശനം മോഡിയും ബിജെപിയും പ്രതീക്ഷിച്ചിരുന്നില്ല. അണികളുമായുള്ള സംവാദം തന്നെ മോഡിക്ക് ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്തി പറയാനും പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനുള്ള വകയുണ്ടാക്കി കൊടുക്കാനുമാണ്. എന്നാല്‍ ഈ പ്രവര്‍ത്തകന്റെ വാക്കുകള്‍ ബിജെപിക്ക് കനത്തപ്രഹരമാവുകയായിരുന്നു.
മറുപടിയായി മോഡി ‘നിര്‍മ്മല്‍ ജി’ക്ക് നന്ദിയും പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞ് പതിയെ മുങ്ങുകയായിരുന്നു. കൂട്ടത്തില്‍, നിങ്ങളൊരു കച്ചവടക്കാരനാണ്. അതുകൊണ്ട് നിങ്ങള്‍ കച്ചവടവുമായി ബന്ധപ്പെട്ട കാര്യമേ ചോദിക്കൂ. സാധാരണക്കാരുടെ കാര്യത്തിനാണ് ഞങ്ങള്‍ ശ്രദ്ധകൊടുക്കുന്നതെന്ന ഒഴിഞ്ഞുമാറുന്ന മറുപടിയും മോഡി നല്‍കുകയായിരുന്നു.
എന്നാല്‍ ശ്രോതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഇല്ലാതായതോടെ, അസ്വസ്ഥനായ മോഡി പോണ്ടിച്ചേരിക്ക് നന്ദിയെന്നു പറഞ്ഞ് തടിയൂരുകയായിരുന്നു.
Discussion about this post