‘രാമനില്ലാത്ത അയോധ്യ, അയോധ്യയല്ല’: ശ്രീരാമനോടുള്ള ബഹുമാനാര്‍ഥമാണ് തനിക്ക് കോവിന്ദ് എന്ന് പേരിട്ടത്; രാഷ്ട്രപതി

വാരണാസി: ശ്രീരാമനില്ലാതെ അയോധ്യ, അയോധ്യയല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശ്രീരാമനോടും രാമായണത്തോടുമുള്ള ബഹുമാനാര്‍ഥമാണ് തനിക്ക് വീട്ടുകാര്‍ കോവിന്ദ് എന്ന് പേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയില്‍ രാമായണ്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. നാലു ദിവസത്തെ ഉത്തര്‍പ്രദേശ് പര്യടനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ അയോധ്യ സന്ദര്‍ശനം. ‘ശ്രീരാമനെവിടെയാണോ അതാണ് അയോധ്യ. രാമനില്ലാത്ത അയോധ്യ, അയോധ്യയല്ല’ രാഷ്ട്രപതി പറഞ്ഞു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉള്‍പ്പെടെ നിര്‍വ്വഹിക്കാനാണ് രാഷ്ട്രപതിയുടെ യുപി സന്ദര്‍ശനം.

സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് പുറമെ നിര്‍മ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും പൂജകള്‍ നടത്തുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചിരുന്നു. ലഖ്‌നൗവില്‍ നിന്ന് പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതി ഉത്തര്‍പ്രദേശിലെത്തിയത്.

Exit mobile version