ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇനി പ്രത്യേക ശൗചാലയം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് സൗകര്യമുണ്ടായിരുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരേയുളള അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പ്രത്യേക ശൗചാലയ സൗകര്യം ട്രാന്‍സ്ജെന്‍ഡേഴ്സിന് കൂടി ലഭ്യമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
സാധാരണ ശൗചാലയങ്ങള്‍ കൂടാതെ നിലവില്‍ 347 പ്രത്യേക ശൗചാലയങ്ങളാണ് ഡല്‍ഹി മെട്രോ സ്റ്റേഷന്‍ പരിധിയിലുള്ളത്. ഇംഗ്ലീഷിലും ഹിന്ദിയിലും ‘ഭിന്ന ശേഷിക്കാര്‍’, ‘ട്രാന്‍സ്‌ജെന്‍ഡേഴ്സ്’ എന്നെഴുതിയ ബോര്‍ഡുകള്‍ ശൗചാലയങ്ങള്‍ക്കടുത്തായി പ്രത്യേകമായി സ്ഥാപിച്ചിട്ടുണ്ട്. എഴുത്തിനു പുറമെ ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ശൗചാലയങ്ങള്‍ക്കു പുറമെ സ്വയം സ്ത്രീയോ പുരുഷനോ ആയി തിരിച്ചറിഞ്ഞ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അനുബന്ധ ടോയ്ലറ്റുകള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വരാനിരിക്കുന്ന മറ്റു സ്റ്റേഷനുകളിലും പ്രത്യേക ശൗചാലയങ്ങള്‍ സംവിധാനങ്ങള്‍ സജ്ജമാക്കും.