മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ ‘ടെലിഫോണ്‍ ഓപ്പറേറ്റര്‍’ കൊവിഡ് ബാധിച്ചു മരിച്ചു. ഫഹീം മച്ച്മച്ച് എന്ന ഫഹീം അഹമ്മദ് ഷരീഫ്(51) ആണ് വൈറസ് ബാധയെ തുടര്‍ന്ന് പാകിസ്താനില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച കറാച്ചിയില്‍ നടത്തി. ഫഹീമിന്റെ മരണവിവരം ഛോട്ടാ ഷക്കീല്‍ തന്നെ ഇന്ത്യയിലുള്ള ബന്ധുക്കളെ നേരിട്ട് വിളിച്ചറിയിച്ചതായാണ് വിവരം.
ഫഹീം മരിച്ചെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മുംബൈയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു. ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശപ്രകാരം ഇരകളെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്ന ആളായിരുന്നു ഫഹീം മച്ച്മച്ച്. ഇതിനാലാണ് ഛോട്ടാ ഷക്കീലിന്റെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ എന്ന് അറിയപ്പെട്ടിരുന്നത്.
മുംബൈ, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലായി രണ്ട് ഡസനിലേറെ കേസുകളില്‍ പോലീസ് തിരയുന്ന പ്രതികൂടിയാണ് മരിച്ച ഫഹീം. ദാവൂദ് ഇബ്രാഹിം യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കിയതിന് പിന്നാലെയാണ് ഫഹീം ഡി-കമ്പനിയില്‍ എത്തുന്നത്. ഡി-കമ്പനിയിലെ മുതിര്‍ന്ന അംഗമായ ഛോട്ടാ ഷക്കീലാണ് മുംബൈയിലെ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യാനായി ഫഹീമിനെ ഡി-കമ്പനിയില്‍ എത്തിച്ചത്.
മുന്‍ മുംബൈ മേയര്‍ മിലിന്ദ് വൈദ്യക്കെതിരേ 1999-ല്‍ നടന്ന ആക്രമണത്തില്‍ ഫഹീമിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഫഹീം രാജ്യംവിട്ടത്.
Discussion about this post