ചണ്ഡിഗഡ്: ടോക്യോ പാരലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ഭവിന ബെന്‍ പട്ടേലിന് 31 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ സുന്‍ധിയ ഗ്രാമക്കാരിയായ ഭവിനയുടെ ആദ്യ പാരലിമ്പിക്‌സാണിത്. ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ പാരാലിമ്പിക്‌സ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന പട്ടേല്‍. മെഡല്‍ നേടുന്ന രണ്ടാമത്തെ താരവും. 2016ല്‍ ദീപ മാലിക് ഷോട്പുടില്‍ വെള്ളി നേടിയിരുന്നു.
21ാം വയസ്സില്‍ ടേബിള്‍ ടെന്നിസ് കളിച്ചു തുടങ്ങിയ ഭവിന 2011ല്‍ ലോക രണ്ടാം നമ്പര്‍ താരമായിരുന്നു. തായ്‌ലന്‍ഡ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ പാര ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ് എന്നിവയില്‍ വെള്ളി നേടിയിട്ടുണ്ട്.
ടോക്യോ പാരലിമ്പിക്‌സില്‍ ക്ലാസ് ഫോര്‍ വിഭാഗം സെമിഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഷാങ്ങിനെ 3-2ന് (711, 117, 114, 911, 118) തോല്‍പിച്ചായിരുന്നു ഭവിന ഫൈനല്‍ പ്രവേശനം നേടിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സൂ യിങ്ങനോടാണ് ഭവിന ബെന്‍ പട്ടേല്‍ എതിരിട്ടത്. 19 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 7-11, 5-11, 6-11 എന്ന സ്‌കോറിനായിരുന്നു തോല്‍വി.