ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേക ശുചിമുറികള്‍ ഒരുക്കാനൊരുങ്ങി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി). ഭിന്നശേഷിക്കാര്‍ക്കായുള്ള ശുചിമുറികളാണ് ട്രാന്‍ജെന്‍ഡേഴ്‌സിനും ഉപയോഗിക്കാനായി അനുവദിച്ച് നല്‍കുന്നത്.
ഇത്തരത്തില്‍ 347 ശുചിമുറകളാണ് ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളിലായുള്ളത്. പ്രത്യേക ശുചിമുറി ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അതാത് ജെന്‍ഡര്‍ അടിസ്ഥാനത്തിലുള്ള ശുചിമുറികള്‍ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുളളവര്‍ക്ക് പൊതുയിടങ്ങളില്‍ നേരിടേണ്ടി വരുന്ന വിവേചനം ഒഴിവാക്കാനും അവര്‍ക്ക് സുരക്ഷയൊരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക ശുചിമുറികള്‍ ഒരുക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി ശുചിമുറികള്‍ ഒരുക്കാന്‍ കൂടുതല്‍ സ്‌റ്റേഷനുകളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും ഡിഎംആര്‍സി അറിയിച്ചിട്ടുണ്ട്.