പെണ്‍കുട്ടികള്‍ 6.30 ന് ശേഷം പുറത്തിറങ്ങരുത്: വിവാദ ഉത്തരവ് പിന്‍വലിച്ച് മൈസൂര്‍ സര്‍വകലാശാല; ശ്രദ്ധിക്കണമെന്ന് പുതിയ നിര്‍ദേശം

മൈസൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ ഇറക്കിയ വിവാദ ഉത്തരവ് മൈസൂര്‍ സര്‍വകലാശാല പിന്‍വലിച്ചു. ആറരയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങരുതെന്ന ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

വൈകിട്ട് 6.30 ന് ശേഷം പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സര്‍വകലാശാല പുറപ്പെടുവിച്ചിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.

ആണ്‍കുട്ടികളെ പറ്റി പരാമര്‍ശിക്കാതെ, വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍വകലാശാല വിവാദ ഉത്തരവ് തിരുത്തി. വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് തിരുത്തിയ ഉത്തരവില്‍ പറയുന്നത്.

അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നിര്‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാര്‍ വൈകിട്ട് ആറ് മുതല്‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വൈകിട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ എല്ലാദിവസവും വൈകിട്ട് ആറിനും ഒമ്പതിനും ഇടയില്‍ ദിവസവും പട്രോളിംഗ് നടത്തണം- സര്‍ക്കുലറില്‍ വ്യക്തമാക്കി.

വിജനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെണ്‍കുട്ടികളെ കുറിച്ചുള്ള ആകുലത പോലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഓര്‍ഡറിനെ കുറിച്ച് കോളേജ് വൈസ് ചാന്‍സലര്‍ പറയുന്നു. വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സര്‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, 22കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അഞ്ചുപേരെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ എല്ലാവരും തമിഴ്‌നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഒരാളെ പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.

കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളില്‍ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. ഒരാള്‍ക്ക് 17 വയസാണ്.

Exit mobile version