ന്യൂഡല്‍ഹി : കാബൂളില്‍ ഇരട്ടസ്‌ഫോടനം നടത്തിയ ഭീകരസംഘടന ഐഎസ്-കെയുടെ ലക്ഷ്യം ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പിലാക്കുകയാണെന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഐഎസിന്റെ ഉപസംഘടനയായ ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ കേന്ദ്രീകരിച്ച് സംഘടന വിപുലീകരിക്കുകയാണ് ഇവരുടെ ഉദ്ദേശം. ഇതിനായി യുവാക്കളുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഇവരുടെ മുഖ്യ അജണ്ടയാണ്. ഇന്ത്യയില്‍ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും യുവാക്കള്‍ സംഘത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ തീവ്രവാദികളുടെ വിളനിലമായി മാറുകയാണ് അഫ്ഗാനിസ്ഥാന്‍.
ജമ്മുകശ്മീരിലെ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരകരായ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് നേതൃത്വം കാണ്ഡഹാര്‍ അതിര്‍ത്തിയായ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലേക്കും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ലഷ്‌കറെ തായിബ കിഴക്കന്‍ അഫ്ഗാനിലെ കുനാറിലേക്കും മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
കരുത്ത് തെളിയിക്കുന്നതിനൊപ്പം തന്നെ താലിബാന്‍ വാഗ്ദാനം ചെയ്ത സുരക്ഷ അഫ്ഗാനിലുണ്ടാകില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് വ്യാഴാഴ്ചത്തെ സ്ഫോടനമെന്ന് അന്വേഷണസംഘം അറിയിച്ചു.