മൈസൂരു: എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര് അറസ്റ്റിലായതായി കര്‍ണ്ണാടക പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. കര്‍ണാടക ഡിജി പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്.
പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍ നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡിജി പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post