ന്യൂഡല്‍ഹി: ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടത്തിനിടെ ജനങ്ങളുടെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബര്‍ 29 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ‘ട്രെയിന്‍ 18’നുനേരെയാണ് കല്ലേറുണ്ടായത്. ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണിത്.
കല്ലേറില്‍ ജനല്‍ച്ചില്ല് തകര്‍ന്നു.കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എഞ്ചിനീയര്‍ അടക്കമുള്ളവര്‍ കല്ലേറുണ്ടായ സമയത്ത് തീവണ്ടിയിലുണ്ടായിരുന്നു. കല്ലേറ് നടത്തിയവരെ ഉടന്‍ പിടികൂടുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു പ്രതികരിച്ചു.
റെയില്‍വെയുടെ ഏറ്റവും വേഗമേറിയ തീവണ്ടിയും രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ തീവണ്ടിയുമാണ് ട്രെയിന്‍ 18. ഡല്‍ഹിക്കും വാരണാസിക്കുമിടെ ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമാവും ആദ്യം ഓടുക. 100 കോടി ചിലവഴിച്ചാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി തീവണ്ടിയുടെ കോച്ചുകള്‍ നിര്‍മ്മിച്ചത്.