മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ലൈഫ് സയന്‍സിന്റെ കോവിഡ് വാക്സിന് ഉടന്‍ വിപണിയിലെത്തിയേക്കും. റിലയന്‍സ് ലൈഫ് സയന്‍സിന്റെ കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്ട്രോളര് വാക്സിന് പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ റിലയന്‍സ് ലൈഫ് സയന്‍സിന് അനുമതി നല്‍കിയത്.
ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. തുടര്‍ന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതി തേടുക. എന്നാല്‍ ഇക്കാര്യം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്സിനാണ് റിലയന്‍സ് ലൈഫ് സയന്‍സ് വികസിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിന് രണ്ടു ഡോസാണ് നല്‍കേണ്ടത്.
ഇതിന് അന്തിമാനുമതി ലഭിക്കുന്നതോടെ, തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിനായി ഇത് മാറും. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിനും സൈഡസ് കാഡിലയുടെ സൈക്കോവ് ഡിയുമാണ് അനുമതിയുള്ളത്. മൂന്ന് ഡോസുള്ള സൈക്കോവ് ഡി കുട്ടികള്‍ക്കുള്ള ആദ്യ വാക്സിന് കൂടിയാണ്.
നിലവില്‍ രാജ്യത്ത് ആറ് വാക്സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സന്, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.
Discussion about this post