ന്യൂഡൽഹി: പശ്ചിമ വിഹാറിൽ ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബുദ്ധ വിഹാർ സ്വദേശി മാനവ് ശർമ (28) ആണ് മരിച്ചത്. സിവിൽ എൻജിനീയറായ മാനവ് സഹോദരിമാർക്കൊപ്പം ബന്ധുവീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
വെള്ളിയാഴ്ച പശ്ചിമ വിഹാർ പ്രദേശത്തെ ഫ്‌ളൈ ഓവറിനു സമീപത്തായിരുന്നു അപകടം. പട്ടത്തിന്റെ നൂൽ, ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മാനവ് ശർമയുടെ കഴുത്തിൽ ചുറ്റുകയും തൊണ്ടയിൽ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു. സ്‌കൂട്ടറിൽ നിന്നും വീണ മാനവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
നൂൽ കുരുങ്ങി മുറിവേറ്റ് മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയിരുന്നു. ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള മാഞ്ചാ നൂൽ എന്നറിയപ്പെടുന്ന ചൈനീസ് പട്ടമാണ് അപകടത്തിനു ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ചതാണ് ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള ഇത്തരം നൂലുകൾ. ഇത്തരം പട്ടങ്ങളുടെ നിർമാണവും വിതരണവും രാജ്യത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ നഗരത്തിൽ പട്ടത്തിന്റെ നൂലു കുടുങ്ങി 15 അപകടങ്ങൾ നടന്നതായി ഡൽഹി പോലീസ് പറഞ്ഞു.