ഹിസാര്‍(ഹരിയാന): സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2014ല്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ ഹരിയാനയിലെ ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു രാംപാല്‍ കുറ്റക്കാരനെന്ന് വിധിച്ചത്. 2014 നവംബറില്‍ ബര്‍വാലയിലെ ആശ്രമത്തില്‍ പൊലീസും രാംപാല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ ആറു പേര്‍ മരിച്ച സംഭവത്തിലാണ് ശിക്ഷ.
കൂടാതെ 2014 നവംബര്‍ 18ന് രാംപാലിന്റെ ആശ്രമത്തില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെയും കേസുണ്ടായിരുന്നു. 2006ല്‍ റോഹ്തകില്‍ രാംപാലിന്റെ അനുയായികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാംപാല്‍ ഉള്‍പ്പെടെ 23പേരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
2014 നവംബര്‍ 18ന് രാംപാല്‍ കൊലപാതക കേസില്‍ അറസ്റ്റിലായിരുന്നു. 2014 ജൂലൈയില്‍ ഹിസാര്‍ കോടതിയില്‍ രാംപാലിനെതിരായ വാദം കേള്‍ക്കുമ്പോള്‍ അനുയായികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടിരുന്നു.
Discussion about this post