ന്യൂഡല്‍ഹി: 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്ക് നല്കി സൈന്യം. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന് ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.
കോര്‍ ഓഫ് സിഗ്നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്സില്‍നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.
കോര്‍ ഓഫ് സിഗ്നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്സ് (ഇ.എം.ഇ), കോര്‍ ഓഫ് എന്‍ജിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ (ടൈം സ്കെയില്‍) പദവി നല്‍കുന്നത് ഇത് ആദ്യ സംഭവമാണ്.
ഇന്ത്യന്‍ സൈന്യത്തിലെ ഭൂരിഭാഗം ശാഖകളില്‍നിന്നുള്ള വനിതാ ഓഫീസര്‍മാര്‍ക്കും സ്ഥിരം കമ്മിഷന് നല്‍കിയതോടെയാണ് വനിതകള്‍ കേണല്‍ (ടൈം സ്കെയില്‍) റാങ്കിന് അര്‍ഹരായത്. മുന്‍പ്, കേണല്‍ പദവി ആര്‍മി മെഡിക്കല്‍ കോര്‍ (എ.എം.സി), ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (ജെ.എ.ജി.), ആര്‍മി എജ്യുക്കേഷന്‍ കോര്‍ (എ.ഇ.സി) എന്നിവയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ നല്കിയിരുന്നുള്ളൂ. ഈ രീതിക്കാണ് ഇത്തവണ മാറ്റം വന്നത്.
Discussion about this post