ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവത്കരിച്ച സമിതി പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കി.
കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരേപ്പോലെ തന്നെ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
കുട്ടികളില്‍ വലിയ തോതില്‍ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കും. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേഴ്സ്, ആംബുലന്‍സ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് നല്‍കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്സിജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആവശ്യമായതിനേക്കാള്‍ വളരെക്കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവയുടെ എണ്ണം വളരെയധികം വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post