മാതാവിന് അമിത സ്‌നേഹം; സഹോദരന്റെ രണ്ടുവയസുകാരന്‍ മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഓവുചാലില്‍ തള്ളി, ദമ്പതിമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരാണ് പിടിയിലായത്. സഹോദരന്റെ മകനെയാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഓവുചാലില്‍ തള്ളുകയും ചെയ്തു. ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണ്.

സഹോദരന്റെ മകനോട് തന്റെ മാതാവിനുള്ള അമിത സ്നേഹത്തില്‍ യമുനയ്ക്ക് പകയുണ്ടായിരുന്നു. കുട്ടിയെ സ്നേഹിക്കുന്നത് പോലെ മാതാവ് തന്നെ സ്നേഹിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതാണ് അതിക്രൂരമായ കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത്. ഭര്‍ത്താവിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം.

രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ഇരുവരും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കാന്‍ പഞ്ചാബി ഭാഗിലെ വൃത്തിഹീനമായ ഓവുചാലില്‍ കുട്ടിയെ മുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ഓവുചാലില്‍ തള്ളി ഇരുവരും രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

Exit mobile version