കാബൂള്‍ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടെന്ന് ഇന്ത്യയോട് താലിബാന്‍ : സുരക്ഷ ഉറപ്പാക്കുമെന്ന് സന്ദേശം

Afghanistan | Bignewslive

ന്യൂഡല്‍ഹി : കാബൂളിലെ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടെന്ന് ഇന്ത്യയോട് താലിബാന്‍. ഇത് സംബന്ധിച്ച് താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്ന് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്റെ പൊളിറ്റിക്കല്‍ ഘടകം അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യന്‍ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തില്‍ ഉറപ്പ് നല്‍കിയതായാണ് വിവരം. ലഷ്‌കര്‍, ജയ്ഷ് എന്നീ സംഘടനകളില്‍ നിന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടാകില്ലെന്നും സന്ദേശത്തില്‍ പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

എംബസി ഉദ്യോഗസ്ഥര്‍ കൂടാതെ ഇരുന്നൂറോളം ഇന്ത്യക്കാര്‍ അഫ്ഗാനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സന്ദേശം ലഭിച്ചെങ്കിലും ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യന്‍ എംബസിയില്‍ താലിബാന്റെ നിരീക്ഷണമുണ്ടെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ തിടുക്കപ്പെട്ടുള്ള ഒഴിപ്പിക്കലിന് രാജ്യം മുതിരില്ല. അഫ്ഗാനിലെ സാഹചര്യം സൂഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ രേഖകള്‍ക്കായി കടന്നുകയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എംബസി ഒഴിപ്പിക്കേണ്ടെന്ന സന്ദേശം പുറത്തുവന്നിരിക്കുന്നത് എന്നത് ആശങ്കാജനകമാണ്. കാണ്ഡഹാര്‍, ഹെറാത്ത് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലാണ് ബുധനാഴ്ച താലിബാന്‍ സായുധസംഘം പരിശോധന നടത്തിയത്.

കാബൂളിലെ എംബസിക്ക് പുറമെ കാണ്ഡഹാര്‍, മസര്‍-ഇ-ഷെരീഫ്, ഹെറാത്ത് എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്ക് കോണ്‍സുലേറ്റുകള്‍ ഉള്ളത്. ഇവയെല്ലാം തന്നെ താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നതിന് മുമ്പ് പൂട്ടിയിരുന്നു. കാബൂളിലെ എംബസി ഔദ്യോഗികമായി പൂട്ടിയിട്ടില്ലെന്നും ഇത് പ്രാദേശികമായ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് വിവരം.

Exit mobile version