ന്യൂഡല്‍ഹി : ഭീകരതയ്‌ക്കെതിരെ യുഎന്നില്‍ ശക്തമായ നിലപാടെടുത്ത് ഇന്ത്യ. ഭീകരവാദത്തെ ന്യായീകരിക്കരുതെന്നും ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്നും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.
ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിയ്ക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാനെയും ചൈനയെയും പരോക്ഷമായി വിമര്‍ശിച്ച് ജയ്ശങ്കര്‍ കുറ്റപ്പെടുത്തി.
“ലഷ്‌കറെ തായിബയും ജയ്‌ഷെ മുഹമ്മദും അടക്കമുള്ള സംഘടനകള്‍ അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും ഭീഷണിയുയര്‍ത്തുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ നാളെ ലോകത്തിന് തന്നെ ഭീഷണിയുയര്‍ത്തുന്ന കാര്യമാണ്. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് എടുക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരര്‍ക്ക് അഭയം നല്‍കുന്നവര്‍. ഇവരെ നാം ഒറ്റപ്പെടുത്തണം.” ജയ്ശങ്കര്‍ പറഞ്ഞു.
ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയുടെ നിലപാടെന്നും സാമ്പത്തികമായി ഏറെ ബലപ്പെട്ട ഭീകരസംഘടനകള്‍ യുവാക്കളെ ഓണ്‍ലൈന്‍ വഴി സ്വാധീനിക്കുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.