ജെയ്പൂര്‍: പുതുതായി വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായി ഗിയര്‍ബോക്‌സ് തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴുതയെകൊണ്ട് വണ്ടി കെട്ടി വലിപ്പിച്ച് പ്രതിഷേധിച്ച് ഉടമ.
രാജസ്ഥാനിലെ ജെയ്പുരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ഫോര്‍ഡ് എന്‍ഡവര്‍ ഉടമ അര്‍ജുന്‍ മീണയാണ് വാഹനം കഴുതയെക്കൊണ്ട് കെട്ടിവലിച്ച് പ്രതിഷേധിച്ചത്. ഫോര്‍ഡ് ഡീലര്‍ഷിപ്പിലേക്കാണ് ആഘോഷമായി വാഹനം എത്തിച്ചത്.
2020ലാണ് എന്‍ഡവര്‍ വാങ്ങിയതെന്നും ഇതിനുശേഷം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചെന്നും അര്‍ജുന്‍ പറയുന്നു. തുടക്കം മുതല്‍ വാഹനത്തിന്റെ ഗിയര്‍ബോക്‌സ് തകരാറിലായിരുന്നു. ഇതുകാരണം വീട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഡീലര്‍ഷിപ്പുകളിലാണ് ചിലവഴിച്ചതെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ വാഹനം റോഡ് മധ്യത്തില്‍ നിന്നുപോവുക പതിവാണെന്നും അര്‍ജുന്‍ പറഞ്ഞു.
പ്രശ്‌നങ്ങളില്‍ ഫോര്‍ഡ് ഡീലര്‍ഷിപ്പ് സഹായിച്ചില്ലെന്നും എല്ലാം ശരിയായെന്ന് പറഞ്ഞ് വാഹനം തിരികെ നല്‍കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അതേ പ്രശ്‌നം ആരംഭിക്കും.
വരുന്ന ഏഴ് ദിവസവും കഴുതയെക്കൊണ്ട് വാഹനം കെട്ടിവലിപ്പിച്ച് ഷോറൂമിലെത്തിക്കുമെന്നും അവസാന ദിവസം ഡീലര്‍ഷിപ്പിന്റെ മുന്നിലിട്ട് വാഹനം കത്തിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡീലര്‍ഷിപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. കാര്‍ കഴുതയെക്കൊണ്ട് കെട്ടിവലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഗുണനിലവാരത്തിന്റേയും പ്രകടനത്തിന്റേയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് തുടര്‍ച്ചയായി പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ വിവിധ രാജ്യങ്ങളിലുണ്ട്. വികസിത രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ സാധാരണമാണ്. അത്തരം നിയമങ്ങള്‍ അനുസരിച്ച്, ഏതെങ്കിലും ഉപകരണം, കാര്‍, ട്രക്ക് അല്ലെങ്കില്‍ മോട്ടോര്‍സൈക്കിള്‍ എന്നിവ കേടായതായി കണ്ടെത്തിയാല്‍ ഉടന്‍ മാറ്റിനല്‍കണം. അല്ലെങ്കില്‍ വന്‍തുക നഷ്ടപരിഹാരമായി ഉപഭോക്താവിന് നല്‍കണം.