ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയില്‍ ഇത്തവണ ഇടിവുണ്ടായതായി സര്‍വ്വേ. ജനപ്രീതിയില്‍ ഒരു വര്‍ഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്’ സര്‍വേ വ്യക്തമാക്കുന്നു. 2020 ഓഗസ്റ്റില്‍ 66 ശതമാനം പേരും 2021 ജനുവരിയില്‍ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ മോഡിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ഈവര്‍ഷം ഓഗസ്റ്റില്‍ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കില്‍ പോലും മോഡി തന്നെയാണ് ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്. 11 ശതമാനം പേര് അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര് രാഹുല്‍ഗാന്ധിക്കൊപ്പമാണ്.
2020 ഓഗസ്റ്റില്‍ മൂന്നുശതമാനമായിരുന്നു. അരവിന്ദ് കെജരിവാളിനെയും മമതാ ബാനര്‍ജിയെയും എട്ടുശതമാനം പേര് വീതവും പിന്തുണയ്ക്കുന്നുണ്ട്. അമിത് ഷായ്ക്കുപിന്നില് ഏഴുശതമാനവും സോണിയയ്ക്കും പ്രിയങ്കയ്ക്കും പിന്നില്‍ നാലുശതമാനവും പേരുണ്ട്.
രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവുംമികച്ചത് നരേന്ദ്ര മോഡിയാണെന്നാണ് 27 ശതമാനം പേര് കരുതുന്നത്. 19 ശതമാനം വോട്ടോടെ വാജ്പേയിക്കാണ് രണ്ടാം സ്ഥാനം. ജവാഹര്‍ലാല്‍ നെഹ്രുവിനെ എട്ടു ശതമാനം പേരും രാജീവ് ഗാന്ധിയെ ഏഴു ശതമാനം പേരും മന്മോഹന് സിങ്ങിനെ 11 ശതമാനം പേരും ഇന്ദിരാഗാന്ധിയെ 14 ശതമാനം പേരും മികച്ചതായി കാണുന്നു.
Discussion about this post