ചെന്നൈ: ചരിത്ര പ്രഖ്യാപനം നടപ്പിലാക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്. ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെ ഓതുവര്‍ അഥവാ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലുന്ന പുരോഹിതയായി യുവതിയെ നിയമിച്ചിരിക്കുകയാണ് സ്റ്റാലിന്.
ഓതുവര്‍ ആയി സുഹാഞ്ജന നിയമിതയായി. വലിയ സന്തോഷമുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും സുഹാഞ്ജന മാധ്യമങ്ങളോട് പ്രതികരിച്ചു.
മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു വനിത ഓതുവര്‍ ആകുന്നത്. 2006ല്‍ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര് മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ആദ്യമായി ഒരു വനിതയെ ഓതുവര്‍ ആയി നിയമിക്കുന്നത്.
എന്നാല്‍ ഒരുവര്‍ഷത്തിനിപ്പുറം അവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ കരുണാനിധിയുടെ മകന് എംകെ സ്റ്റാലിന് മുഖ്യമന്ത്രിയായിരിക്കെ വീണ്ടുമൊരു വനിത ഓതുവര്‍ ആയി ചുമതലയേറ്റു. ക്ഷേത്രങ്ങളില്‍ പുരോഹിതരായി ജാതി ലിംഗഭേദമന്യേ നിയമനം നല്‍കുമെന്ന ഡിഎംകെ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് നടപ്പാകുന്നത്.
ഓതുവര്‍ ആകാനായി സര്‍ക്കാരിന്റെ പ്രത്യേക പരിശീലനവും സുഹാഞ്ജനക്ക് കിട്ടിയിട്ടുണ്ട്. സംസ്കൃതത്തിന് പുറമേ തമിഴിലും അര്‍ച്ചന ചെയ്യുന്ന അന്നൈ തമിഴില്‍ അര്‍ച്ചന പദ്ധതിക്കും ഡിഎംകെ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.
Discussion about this post