ചെന്നൈ: വടക്കന്‍ ചെന്നൈക്കാരുടെ ആത്മാവായ ‘രണ്ടുരൂപാ’ ഡോക്ടര്‍ വിടവാങ്ങി. ആ കരുതലും സ്നേഹവും ഇനി ഇല്ല. ഏറ്റവും കുറഞ്ഞ ഫീസ് മാത്രം ഈടാക്കി രോഗികളെ ചികിത്സിച്ചിരുന്ന ഡോ എസ് ജയചന്ദ്രന് (71) ആണ് വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയത്. ശേഷം മടിപ്പാക്കം, കാസിമേട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രാക്ടീസ് ചെയ്തു. 1970മുതല്‍ വാഷര്‍മെന്‍പേട്ടില്‍ താമസിച്ച് ജോലി ചെയ്തുതുടങ്ങി.
ഏറ്റവും കുറഞ്ഞ ഫീസേ ജയചന്ദ്രന് രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നുള്ളൂ. 1998 വരെ അദ്ദേഹത്തെ കാണാന്‍ ഒരു രോഗിക്ക് രണ്ട് രൂപയുടെ ചെലവേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് അഞ്ച് രൂപയും പത്ത് രൂപയുമായി ഉയര്‍ന്നപ്പോഴും ആളുകള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ‘ഇരണ്ടു രൂപായ് ഡാക്ടര്’ എന്നുതന്നെ വിളിച്ചുപോന്നു. ആ വിളിയില്‍ സ്നേഹവും മറ്റും അലിഞ്ഞു ചേര്‍ന്നിരുന്നു. രാവിലെ നാലര മുതല്‍ ജയചന്ദ്രന് ഡോക്ടറെ കാണാന്‍ വീടിന് മുന്നില്‍ ക്യൂ തുടങ്ങും. പരിശോധനാഫീസിലെ ഇളവ് മാത്രമായിരുന്നില്ല, ആളുകള്‍ അദ്ദേഹത്തിലേക്ക് അടുക്കാന്‍ കാരണം. പരിചയപ്പെടുന്നവര്‍ക്കെല്ലാം കരുതലിന്റെ ഒരു കാവലാളായിരുന്നു അദ്ദേഹം.
‘പാവപ്പെട്ട മനുഷ്യരോടൊക്കെയുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍, അത്രയും ബഹുമാനം അര്‍ഹിക്കുന്നതായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്നവരെല്ലാം അവരുടെ ആരോഗ്യകാര്യങ്ങള്‍ക്കായി എന്തിനും അദ്ദേഹത്തെ ആശ്രയിച്ചിരുന്നു.’- സാമൂഹ്യപ്രവര്‍ത്തകനായ എടിബി ബോസ് പറഞ്ഞു. ചികിത്സിക്കാന്‍ പണമില്ലാത്ത രോഗികളാണെങ്കില്‍ ജയചന്ദ്രന് ഡോക്ടര്‍ മരുന്ന് വാങ്ങി നല്‍കും. അല്ലെങ്കില്‍ അവര്‍ക്കത് സൗജന്യമായി ലഭിക്കാനുള്ള നടപടിയുണ്ടാക്കും. ആരോഗ്യരംഗത്ത് മാത്രമല്ല, സാമൂഹ്യരംഗത്തും ഡോക്ടര്‍ തന്നാലാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
Discussion about this post