ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാരസോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ച് ആരുടെയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ചില തല്പരകക്ഷികള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചാരവൃത്തി നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്നും പറയുന്നുണ്ട്.ചാരവൃത്തി നടത്തിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത് തടയാനാണ് സമിതിയെന്നും കേന്ദ്രം വ്യക്തമാക്കി. പെഗാസസ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലും മറ്റും വ്യക്തമായ ഉത്തരം നല്‍കാതെ തുടരവേയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടറിയിച്ചത്.
പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തി എന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഐടി മന്ത്രാലയമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.