ബംഗളൂരു: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിച്ച
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയ്ക്ക് മറുപടിയുമായി കെപിസിസി വക്താവും എംഎല്‍എയുമായ പ്രിയങ്ക് ഖാര്‍ഗെ.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് മദ്യം കഴിക്കാറുണ്ടെന്ന് കരുതി അദ്ദേഹത്തിന്റെ പേരില്‍ ബാര്‍ തുറക്കുമോ എന്ന് സിടി രവിയോട് പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുന്നു.
ബംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നെഹ്‌റുവിന്റെ പേരില്‍ ഹൂക്കാ ബാറുകള്‍ തുറക്കണമെന്നായിരുന്നു സിടി രവിയുടെ വിവാദ പ്രസ്താവന.
ബിജെപി നേതാക്കള്‍ സിഗരറ്റ് വലിക്കാറില്ലെയെന്നും അത് വലിയ കുറ്റമാണോയെന്നും പ്രിയങ്ക് ഖാര്‍ഗെ തുറന്നടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഗെ.
രാജ്യതന്ത്രജ്ഞരായ വാജ്‌പേയുടെ പേരിലോ നെഹ്‌റുവിന്റെ പേരിലോ ആരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. കഴിഞ്ഞ ഏഴര വര്‍ഷമായി കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന് ഒന്നും നേടാനായിട്ടില്ല. ഒരു ചെറിയ സര്‍ക്കാര്‍ സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. നെഹ്‌റുവിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനങ്ങളുടെ പേരുകളാണ് അദ്ദേഹത്തിന്റെ പേരിലാക്കിയിട്ടുള്ളതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഇപ്പോള്‍ ഇന്ദിര കാന്റീനുകളുടെ പേര് മാറ്റണമെന്നാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്.
രാജ്യത്തിന്റെ ചരിത്രം പോലും അറിയാതെയാണ് ഇത്തരം അപ്രധാനമായ പ്രസ്താവനകള്‍ നടത്തി മന്ത്രിമാരാകാന്‍ ശ്രമിക്കുന്നതെന്നും സിടി രവിയെ ഉദ്ദേശിച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.
വാജ്‌പേയിയെ പോലുള്ള നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശം നടത്തരുതെന്നും ഇത്തരം കാര്യങ്ങള്‍ക്ക് പകരം വികസനത്തില്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു മന്ത്രി മുരുഗേഷ് നിരാനിയുടെ പ്രതികരണം.
Discussion about this post