ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് വീഡിയോ ചെയ്തുവെന്ന് ആരോപിച്ച് വയോധികനായ യൂട്യൂബറെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. ചെന്നൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 62 വയസുകാരനായ മന്‍മോഹന്‍ മിശ്രയാണ് പിടിയിലായത്.
ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ സ്വദേശിയായ മിശ്ര 35 വര്‍ഷമായി ചെന്നൈയില്‍ ആണ് താമസിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി വീഡിയോ മിശ്ര പങ്കുവെയ്ക്കുന്നെന്ന് കാണിച്ചാണ് യുപി പോലീസ് ചെന്നൈയില്‍ നേരിട്ട് എത്തി മിശ്രയെ അറസ്റ്റ് ചെയ്തത്. അതേസമയം നൂറില്‍ താഴേയാണ് മിശ്രയുടെ പല വീഡിയോകളുടെയും കാഴ്ച്ചക്കാര്‍. 600 വരിക്കാര്‍ മാത്രമാണ് മിശ്രയുടെ യൂട്യൂബ് ചാനലിനുള്ളത്.
പല വീഡിയോകളിലും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെയും മിശ്ര വിമര്‍ശിച്ചിട്ടുണ്ട്.
നരേന്ദ്ര മോഡി, അമേരിക്ക, അയല്‍ രാജ്യങ്ങളായ ചൈന, പാകിസ്ഥാന്‍ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വിവരിക്കുന്ന വീഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒരു മാഫിയ തലവന്‍ എന്നും അദ്ദേഹം രാജ്യത്തെ അസ്ഥിരപ്പെടുത്തിയെന്നും വീഡിയോയില്‍ മിശ്ര ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അറസ്റ്റ്.