ചെന്നൈ: ലോക്കോ പൈലറ്റെന്ന വ്യാജേനെ മൂന്നുവര്‍ഷം ട്രെയിന്‍ ഓടിച്ച യുവാക്കള്‍ ഒടുവില്‍ പോലീസ് പിടിയില്‍. 22വയസ്സും 17 വയസ്സും പ്രായമുള്ളവരാണ് പിടിയിലായത്. ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യുവാക്കള്‍ പിടിയിലായത്.
മൂന്നുവര്‍ഷത്തോളമാണ് ലോക്കോ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് ഇവര്‍ ട്രെയിന്‍ ഓടിച്ചത്. ഇരുവരും ബംഗാളിലെ മുര്‍ഷിദബാദ് സ്വദേശികളാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 17 വയസുകാരന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ട്രെയിന്‍ ഓടിക്കുന്ന കാര്യം റെയില്‍വേ പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
ഈ യുവാക്കളെ ബംഗാളിലുള്ള ഒരു ലോക്കോ പൈലറ്റാണ് ട്രെയിന്‍ ഓടിക്കാന്‍ പഠിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് പകരം ഈ യുവാക്കളാണ് ട്രെയിന്‍ ഓടിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഗുഡ്സ് ട്രെയിനും പാസഞ്ചര്‍ ട്രെയിനും ഇവര്‍ ഓടിച്ചിരുന്നതായി വ്യക്തമായി.
ഇയാളാണ് യൂണിഫോം അടക്കമുള്ള സാധനങ്ങളും ഇവര്‍ക്ക് നല്‍കിയത്. ലോകോ പൈലറ്റിന്റെ യൂണിഫോമില്‍ പതാക, ടോര്‍ച്ച് ലൈറ്റ്, നെയിംബാഡജ് എന്നിവ കണ്ടതോടെയാണ് ആര്‍പിഎഫിന് സംശയം തോന്നിയത്. പിന്നാലെ ചോദ്യം ചെയ്തപ്പോഴാണ് ഗുരുതരവീഴ്ച പുറത്തുവരുന്നത്.
17കാരന് 10,000 രൂപ മുതല്‍ 15,000 രൂപ ട്രെയിന്‍ ഓടിക്കുന്നതിന് ലോക്കോ പൈലറ്റ് പ്രതിഫലം നല്‍കിയിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. ബംഗാളിലെ വ്യാജ ലോക്കോ പൈലറ്റിനെ കണ്ടെത്താന്‍ റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post