ന്യൂഡല്‍ഹി : നിലവാരമേറിയ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ പാര്‍ലമെന്റില്‍ നിയമവിദഗ്ധരുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. സ്വാതന്ത്ര്യം നേടിയതിന് ശേഷം പ്രഗത്ഭരായ നിയമവിദഗ്ധര്‍ പാര്‍ലമെന്റിലുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ഗുണകരമായ സംവാദങ്ങള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഫലവത്തായ സംവാദങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഇടമൊരുങ്ങാത്തതിന്റെ അതൃപ്തി അദ്ദേഹം രേഖപ്പെടുത്തിയത്. “ഫലവത്തായ, നിലവാരമേറിയ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നിന്ന് പടിയിറങ്ങുകയാണ്. നിയമവിദഗ്ധരുടെ അസാന്നിധ്യമാണ് ഇതിന് ഒരു കാരണം. നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ വേണ്ടവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. ശരിയായ രീതിയിലുള്ള സംവാദങ്ങള്‍ നടക്കാത്തത് മൂലം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലും ധാരാളം മാറ്റങ്ങളുണ്ടായി.” അദ്ദേഹം പറഞ്ഞു.
നിയമങ്ങളില്‍ അവ്യക്തത നിഴലിക്കുന്നത് ഒട്ടേറെ വ്യവഹാരങ്ങള്‍ക്ക് വഴി വയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. “നിയമങ്ങളില്‍ പലതിനും അവ്യക്തതയുണ്ട്. ഇത് ജനങ്ങള്‍ക്കും കോടതിയ്ക്കും പല വിധത്തിലുള്ള അസൗകര്യങ്ങളും സൃഷ്ടിക്കുന്നു. പല നിയമങ്ങളുടെയും ആവശ്യകതയും ലക്ഷ്യവും കോടതിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവാരമുളള നിയമനിര്‍മാണം സാധ്യമാക്കാന്‍ അഭിഭാഷകര്‍ സ്വയം സമര്‍പ്പിക്കണമെന്നും സ്വാതന്ത്ര്യം നേടിതയിന് ശേഷമുണ്ടായിരുന്നത് പോലെ ഫലവത്തായ ചര്‍ച്ചകള്‍ ഇനിയും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.