മൈസൂരു: വിവാഹത്തിന് തയ്യാറല്ലെന്ന് പറഞ്ഞ കാമുകിയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്പള്ളി ഗ്രാമത്തിലാണ് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. മാമ്പള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), കാഞ്ചന (25) എന്നിവരാണ് മരിച്ചത്.
ട്രാക്ടര്‍ ഡ്രൈവറാണ് ശ്രീനിവാസ്. ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്‌സാണ് കാഞ്ചന. വെള്ളിയാഴ്ചയാണ് ദാരുണസംഭവം. ശ്രീനിവാസ് കാഞ്ചനയും ഏതാനും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഒട്ടേറെത്തവണ ശ്രീനിവാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുയായിരുന്നു.
ഇപ്പോള്‍ കല്യാണം വേണ്ടെന്നും കുറച്ചുകൂടി കാത്തിരിക്കണമെന്നും കാഞ്ചന പറഞ്ഞു. കാഞ്ചനയുടെ വാക്കുകള്‍ വിശ്വസിച്ച് ശ്രീനിവാസ് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു.
ഇതേത്തുടര്ന്ന് മൂന്നുമാസം മുമ്പ് ശ്രീനിവാസ് തൂങ്ങിമരിക്കാന്‍ ശ്രമവും നടത്തി. അന്ന് വീട്ടുകാര്‍ ശ്രീനിവാസിനെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെയും കൂട്ടി തേരമ്പള്ളി തടാകത്തിന് സമീപത്തേക്ക് പോവുകയായിരുന്നു.
തുടര്‍ന്ന് കാറിന്റെ വാതിലുകള്‍ പൂട്ടിയശേഷം വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് ശ്രീനിവാസ് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാറില്‍നിന്ന് തീയുയരുന്നതുകണ്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും വാതിലുകള്‍ പൂട്ടിയതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.