ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിക്ക് അടിപതറുന്നു. കഴിഞ്ഞ ദിവസം എന്‍ഡിഎ വിട്ട മുന്‍ കേന്ദ്ര മന്ത്രിയും ബീഹാറില്‍ നിന്നുള്ള രാഷ്ടീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍ ചേര്‍ന്നു.
ഉപേന്ദ്ര കുശ്വാഹയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തി. രാജ്യത്തെ രക്ഷിക്കാനുള്ള ജനങ്ങളുടെ സഖ്യമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. മഹാ സഖ്യത്തിനുള്ള ചുവട് വയ്പ് ബിഹാറില്‍ നിന്ന് തുടങ്ങിയെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. ഉപേന്ദ്ര കുശ്വാഹ സഖ്യത്തിനൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ലീഡര്‍ അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.
പക്വതയുള്ള നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നു കഴിഞ്ഞെന്നും അടുത്ത വര്‍ഷം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡിയ്ക്ക് പകരം വയ്ക്കാന്‍ രാഹുലിനെ തെരഞ്ഞെടുക്കാമെന്നും കുശ്വാഹ കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് യുപിഎയിലേക്ക് എത്തുന്നത്.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ഉപേന്ദ്ര കുശ്വാഹ ബിജെപി എന്‍ഡിഎ വിട്ടത്. നിതീഷ് കുമാറിന് നല്‍കുന്ന പ്രധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആര്‍എല്‍എസ്പിയ്ക്ക് കിട്ടാത്തതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎയില്‍ നിന്ന് പുറത്ത് വന്നത്.