ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി രാജ്യത്തിന്റെ രാജാവല്ലെന്നു ബിജെപി എംപി സുബ്രമണ്യൻ സ്വാമി. സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തിൽ താൻ മോഡി വിരുദ്ധൻ ആണെന്നും ട്വിറ്ററിലൂടെ സുബ്രമണ്യൻ സ്വാമി പ്രതികരിച്ചു.
ആവശ്യപ്പെട്ട മന്ത്രി സ്ഥാനം ലഭിക്കാത്തതിനാലാണ് സുബ്രമണ്യൻ സ്വാമി എപ്പോഴും പ്രധാനമന്ത്രി മോഡിയെ വിമർശിക്കുന്നതെന്ന് ആരോപണം ഉന്നയിച്ചയാൾക്ക് ട്വിറ്ററിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക, വിദേശ നയങ്ങളിൽ ഞാൻ മോഡി വിരുദ്ധനാണ്. ഇക്കാര്യത്തിൽ ഏത് സംവാദത്തിനും തയാറാണ്. പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മോഡി ഇന്ത്യയുടെ രാജാവൊന്നുമല്ല എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയെ കുഴപ്പത്തിലാക്കിയതിന് ജയ്ശങ്കറും അജിത് ഡോവലും മാപ്പു പറയുമോ? ഇപ്പോൾ എല്ലാ അയൽക്കാരുമായും നമ്മൾ കുഴപ്പത്തിലാണ് എന്നിങ്ങനെയുള്ള പ്രതികരണത്തിന് പിന്നാലെയായിരുന്നു മോഡി രാജാവല്ലെന്ന ട്വീറ്റും സുബ്രമണ്യൻ സ്വാമി പുറത്തുവിട്ടത്.
Will the bureaucrat duo Jaishankar and Doval ever apologise to the nation for the mess they have landed India in the international scene? They were given a free hand because Modi trusts politicians not peer level politicians. Now we in a mess with all our neighbours.
— Subramanian Swamy (@Swamy39) August 14, 2021