ന്യൂഡൽഹി: രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ട പ്രസംഗത്തിൽ. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്‌നോളജി എന്നിവയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വികസനങ്ങൾക്കായി പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വനിതകൾക്ക് എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
നഗരങ്ങളെ ബന്ധിപ്പിക്കാൻ 75 വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കും.ചെറുകിട കർഷകർക്ക് കരുതൽ. സഹകരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ വടക്കുകിഴക്കൻ മേഖലയുടെ സമാധാനം പ്രധാന ലക്ഷ്യം. വടക്കുകിഴക്കൻ റയിൽ ശൃംഖല ഉടൻ. കശ്മീരിനും ലഡാക്കിനും പ്രത്യേക കരുതൽ നൽകും.
ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കും. എല്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റ് ലഭ്യമാക്കും. സ്വാതന്ത്ര്യസമരസേനാനികൾക്ക് പ്രണാമം അർപ്പിച്ചായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ഭാരതത്തിന് ദിശാബോധം നൽകിയത് നെഹ്‌റുവും സർദാർ വല്ലഭായ് പട്ടേലുമെന്ന് മോഡി അനുസ്മരിച്ചു. കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും അദ്ദേഹം ആദരം അർപ്പിച്ചു.
Discussion about this post