മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ ഹൗസ് വിറ്റഴിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡിആർടി)ആണ് വിൽപന നടത്തിയത്. കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായി പ്രവർത്തിച്ചിരുന്ന മുംബൈയിലെ കെട്ടിടമാണ് കിങ്ഫിഷർ ഹൗസ്.
മുംബൈ സാന്താക്രൂസിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപമാണ് കിങ്ഫിഷർ ഹൗസ് സ്ഥിതി ചെയ്യുന്നത്. 150 കോടി മൂല്യം നിശ്ചയിച്ച്, 2016 മാർച്ച് മുതലാണ് കെട്ടിടം വിൽക്കാനുള്ള നീക്കം ആരംഭിച്ചത്. എന്നാൽ വിൽപ്പന നീളുകയായിരുന്നു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത് 135 കോടി രൂപയായിരുന്നു. കിങ്ഫിഷർ ഹൗസ് വിൽപനയിൽനിന്ന് കിട്ടുന്ന പണം മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക.
എസ്ബിഐ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് പതിനായിരം കോടി രൂപയ്ക്ക് മുകളിലാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്.
മല്യയുടെ ഓഹരികൾ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു.
വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യയെ 2019ൽ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇംഗ്ലണ്ടിലുള്ള മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്
Discussion about this post