ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. അടുത്തവര്‍ഷം ജൂലൈ ഒന്നോടെ ഇത് പ്രാബല്യത്തില്‍ വരും.
പോളിത്തീന്‍ കവറുകളുടെ കനം 120 മൈക്രോണായി ഉയര്‍ത്തണം. നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പോളിത്തീന്‍ കവറുകള്‍ നിരോധിച്ചിട്ടുണ്ട്. കൂടുതല്‍ കനമുള്ള പോളിത്തീന്‍ കവറുകളുടെ നിരോധനം ഘട്ടം ഘട്ടമായാണ് നടപ്പാക്കുക.
പുതിയ ഉത്തരവ് പ്രകാരം 75 മൈക്രോണില്‍ താഴെയുള്ള പോളിത്തീന്‍ കവറുകള്‍ സെപ്റ്റംബര്‍ 30 ഓടേ നിരോധിക്കും. അടുത്തവര്‍ഷം ഡിസംബര്‍ 31ഓടേ 120 മൈക്രോണില്‍ താഴെയുള്ള പോളിത്തീന്‍ ബാഗുകളുടെ ഉപയോഗവും നിരോധിക്കുമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
അടുത്ത വര്‍ഷം ജൂലൈ ഒന്നോടെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്കുകള്‍ തീന്‍ മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, കത്തി, സ്പൂണ്‍, സ്ട്രോകള്‍ എന്നിവയും പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗററ്റ് പായ്ക്കറ്റ് തുടങ്ങിയവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകളും നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്നു.