ചെന്നൈ: പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തില്‍ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
സ്റ്റാലിന് സര്‍ക്കാരിന്റെ കന്നി ബജറ്റ് നിയമസഭയില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് അവതരിപ്പിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വര്‍ഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് പറഞ്ഞു. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റില്‍ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. 18933 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
കോവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തിന് മുമ്പ് സംസാരിക്കാന്‍ അവസരം നല്‍കിയില്ല എന്നാരോപിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ ബജറ്റ് അവതരണം ബഹിഷ്കരിച്ചു.
Discussion about this post