സിവില്‍ സര്‍വ്വീസില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി 27 വയസ്സായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സര്‍ക്കാര്‍ വിചാരകേന്ദ്രമായ നീതി ആയോഗാണ് പ്രായപരിധി കുറയ്ക്കാനുള്ള നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ജനറല്‍ വിഭാഗത്തിലെ ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്.
”Strategy for New India @75′ എന്ന പേരില്‍ നീതി ആയോഗ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ഘട്ടംഘട്ടമായി ഈ പരിഷ്‌കരണം നടപ്പിലാക്കാനാണ് ആവശ്യം. എല്ലാ റിക്രൂട്ടുകളുടെയും ഒരു കേന്ദ്ര പൂള്‍ ഉണ്ടാക്കുകയും ഇതില്‍ നിന്ന് ഇതില്‍ നിന്ന് അവരവരുടെ കഴിവുകളും മറ്റും പരിഗണിച്ച് ഓരോരോ മേഖലയിലേക്ക് നിയോഗിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും ഇക്കൂട്ടത്തിലുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായി അറുപതിലധികം സിവില്‍ സര്‍വ്വീസുകള്‍ നിലവിലുണ്ട്. ഇത് കുറയ്ക്കുക എന്ന ഉദ്ദേശ്യവും പുതിയ റിപ്പോര്‍ട്ട് പങ്കു വെക്കുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് മുപ്പത്തഞ്ച് വയസ്സിനു താഴെയുള്ളവരാണ്. ഇതിനാല്‍ത്തന്നെ സിവില്‍ സര്‍വ്വീസിന്റെ ചുരുങ്ങിയ പ്രായം 27ലേക്ക് മാറ്റുന്നതില്‍ യുക്തിയുണ്ടെന്ന് നീതിയ ആയോഗ് കരുതുന്നു. നിലവിലെ സിവില്‍ സര്‍വ്വീസ് റിക്രൂട്ടുകളുടെ ശരാശരി പ്രായം 25.5 ആണ്.