ആഗ്ര: മൊബൈല്‍ ഫോണിന്റെ ലോക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 16 വയസ്സുകാരന്‍ ജ്യേഷ്ഠനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ധോല സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഇളയ സഹോദരനായ 16 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
ജൂലായ് 19-ന് നടന്ന ക്രൂരമായ കൊലപാതകം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയതോടെയാണ് കൊലപാതകം നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും മാത്രമാണ് വീട്ടിലുള്ളത്. ഇവരുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു.
മൂത്ത രണ്ട് സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് അവരവരുടെ വീടുകളിലാണ് താമസം. ജൂലായ് 19-ന് കൊല്ലപ്പെട്ട 20-കാരന്‍ അനുജന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ലോക്ക് ചെയ്തിരുന്നു. പിന്നീട് ഈ ലോക്കിങ് പാറ്റേണ്‍ മറന്നുപോവുകയും ചെയ്തു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായത്.
ലോക്ക് മറന്നതിനെച്ചൊല്ലി 16-കാരന്‍ സഹോദരനെ വഴക്കുപറഞ്ഞു. ഇതോടെ ജ്യേഷ്ഠന്‍ അനുജനെ പൊതിരെതല്ലി. പിന്നീട് രാത്രി ഉറങ്ങുന്നതിനിടെ 16-കാരന്‍ മണ്‍വെട്ടി കൊണ്ട് സഹോദരനെ ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ 20-കാരന്‍ അല്പസമയത്തിനകം മരിച്ചു. ഇതോടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കുകയും വീട്ടിനുള്ളില്‍ പലയിടങ്ങളിലായി കുഴിച്ചിടുകയും ചെയ്തു.
ദിവസങ്ങളോളം സംഭവം മൂടിവെച്ചെങ്കിലും അടുത്തിടെ ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതോടെയാണ് സംശയങ്ങള്‍ ബലപ്പെട്ടത്. 16-കാരന്റെ പരസ്പരവിരുദ്ധമായ മറുപടിയും സംശയത്തിലേയ്ക്ക് നീണ്ടു. പോലീസെത്തി ചോദ്യംചെയ്തതോടെ 16-കാരന്‍ കുറ്റംസമ്മതിച്ചു.