ന്യൂഡല്‍ഹി : വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുജനതാല്പര്യവും കോവിഡ് പ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് എംപിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ കുമാര്‍ കേത്കര്‍ രാജ്യസഭയിലുന്നയിച്ച ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ അച്ചടിക്കേണ്ടത് ആവശ്യമാണോ, നിര്‍ബന്ധമാണോ എന്നായിരുന്നു കേത്കര്‍ ചോദിച്ചത്. തീരുമാനത്തിന് പിന്നിലെ കാരണങ്ങളും കേത്കര്‍ അന്വേഷിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമായ കോവിഡ് പെരുമാറ്റം പിന്തുടരേണ്ടത് രോഗം പടരാതിരിക്കാനുള്ള നിര്‍ണായക നടപടികളിലൊന്നാണൈന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ മറുപടി നല്‍കി.
മോഡിയുടെ സന്ദേശത്തിനൊപ്പം ഫോട്ടോയും ചേര്‍ക്കുന്നത് വലിയ പൊതുതാല്പര്യം കണക്കിലെടുത്താണ്.കോവിഡിനെ മറികടക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമായ സാഹചര്യമാണിതെന്നും ജനങ്ങളിലേക്ക് ഈ സന്ദേശം പരമാവധി കാര്യക്ഷമമായി എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തവുമാണെന്നും മന്ത്രി പറഞ്ഞു.സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ പോളിയോ, വസൂരി മുതലായ വാക്‌സീനുകളില്‍ അന്നത്തെ പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രിന്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല.