ന്യൂഡല്‍ഹി : കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമുറപ്പിക്കുന്നതിന് മുമ്പ് എത്രയും പെട്ടന്ന് തിരികെയെത്താന്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. താലിബാനും അഫ്ഗാനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മസര്‍ ഇ ഷെരീഫില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ പ്രത്യേക വിമാനത്തില്‍ ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങിവരണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രദേശത്ത് ഏതെങ്കിലും ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇന്ന് വൈകിട്ട് പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങണമെന്നാണ് മസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉടന്‍ കോണ്‍സുലേറ്റില്‍ അറിയിക്കണം.
ഇന്ന് പുറപ്പെടുന്ന വിമാനത്തില്‍ മസര്‍ ഇ ഷെരീഫിലെ കോണ്‍സുലേറ്റിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരും തിരികെയെത്തും. ഇതോടെ മസര്‍, കാണ്ഡഹാര്‍, ജാലാദാബാദ്, ഹെരാത് തുടങ്ങിയ കോണ്‍സുലേറ്റുകളില്‍ നിന്ന് ഇന്ത്യക്കാര്‍ പൂര്‍ണമായും പിന്‍വലിയും. കഴിഞ്ഞ മാസം കാണ്ഡഹാറില്‍ നിന്ന് 50 നയതന്ത്ര പ്രതിനിധികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു.സര്‍ക്കാര്‍ കണക്കനുസരിച്ച് 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
മസര്‍ ഇ ഷെരീഫ് ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നും നാല് ഭാഗത്ത് നിന്നും നഗരം ആക്രമിക്കുകയാണെന്നും താലിബാന്‍ വക്താവ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരമാണ് മസര്‍ ഇ ഷെരീഫ്.കഴിഞ്ഞ ദിവസം തന്ത്രപ്രധാന നഗരമായ കുണ്ടുസും താലിബാന്‍ പിടിച്ചെടുത്തിരുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറിയതിനെത്തുടര്‍ന്ന് ഭരണം പിടിച്ചെടുക്കാനായി കനത്ത പോരാട്ടമാണ് താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വീഴുമെന്നും താലിബാന്‍ അധികാരത്തിലെത്തുമെന്നുമാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
Discussion about this post