ന്യൂഡല്‍ഹി : സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനകം അവരുടെ ക്രിമിനല്‍ പശ്ചാത്തലം രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന ഉത്തരവ് പുതുക്കിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് 48 മണിക്കൂറിനകമോ അല്ലെങ്കില്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുന്നതിന്റെ ആദ്യ തിയതിക്ക് രണ്ടാഴ്ച മുമ്പോ ക്രിമിനല്‍ പശ്ചാത്തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ഉത്തരവ്. ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്താത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ അനുസരിച്ചിട്ടില്ലെന്നും ഇത് കോടതിയോടുള്ള അവഹേളനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കണമെന്നും ഇതിനൊപ്പം കേസുകളുടെ വിശദാംശങ്ങള്‍ പാര്‍ട്ടി വെബ്സൈറ്റില്‍ പങ്ക് വയ്ക്കണമെന്നുമായിരുന്നു 2020 ഫെബ്രുവരിയില്‍ കോടതി വിധി.
ഇതേത്തുടര്‍ന്ന് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ക്രിമിനല്‍ കേസ് വിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post