ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സമാന്തര ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരിക്കണം എന്നറിയിച്ച കോടതി സമൂഹമാധ്യമങ്ങളിലെ സമാന്തര ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും പറഞ്ഞു.
പറയാനുള്ളതെല്ലാം കോടതിയില്‍ പറയണമെന്നും പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഹര്‍ജിക്കാരോട് കോടതി വ്യക്തമാക്കി. കോടതിയെ സമീപിച്ച് കഴിഞ്ഞാല്‍ പിന്നെ ശരിയായ ചര്‍ച്ച നടക്കേണ്ടതിവിടെ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നറിയിച്ച കോടതി എന്ത് കാര്യവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് സൗകര്യമുണ്ടെന്ന് ഓര്‍മിപ്പിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ കേസില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പെഗാസസ് സംബബന്ധിച്ച് മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അവ ഗൗരവകരമാണെന്ന് കോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി യാതൊരു ബന്ധവുമില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച പ്രതിരോധ മന്ത്രാലയം സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒയുമായി യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
Discussion about this post