ഭർത്താവ് രാജ്കുന്ദ്ര പോലീസിൽ അകപ്പെട്ടതിന് പിന്നാലെ പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിക്കെതിരേയും പോലീസ് കേസ്. വെൽനസ് സെന്ററിന്റെ പേരിൽ നടന്ന തട്ടിപ്പ് കേസിലാണ് മാതാവ് സുനന്ദ ഷെട്ടിയും ശിൽപ ഷെട്ടിയും നിയമനടപടി നേരിടുന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പോലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് കേസ്. ജ്യോത്സന ചൗഹാൻ രോഹിത് വീർ സിങ് എന്നിവരാണ് രണ്ട് പോലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയത്. ശിൽപയും മാതാവും തങ്ങളെ പറ്റിച്ചെന്നാണ് അവർ ആരോപിക്കുന്നത്.
ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര കേസിൽ പിടിയിലായ സംഭവത്തിന് പിന്നാലെയാണ് നടിക്കെതിരെയും പുതിയ തട്ടിപ്പ് പരാതിയുയർന്നിരിക്കുന്നത്. കേസിൽ ശിൽപയെയും അമ്മ സുനന്ദയെയും ചോദ്യം ചെയ്യാൻ ലഖ്നൗ പോലീസ് സംഘം മുംബൈയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
വെൽനസ് സെന്ററിന്റെ പുതിയ ശാഖ തുറക്കാനെന്ന പേരിൽ ശിൽപയും അമ്മയും രണ്ടുപേരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം, എന്നാൽ അവർ വാക്കുപാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ശിൽപ ഷെട്ടി അയോസിസ് വെൽനസ് സെന്റർ എന്ന പേരിൽ ഫിറ്റ്നസ് ചെയിൻ നടത്തുന്നുണ്ടെന്നും കമ്പനിയുടെ ചെയർമാൻ ശിൽപ ഷെട്ടിയും ഡയറക്ടർ അമ്മ സുനന്ദ ഷെട്ടിയുമാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post