ജിഹാദി ചാനലില്‍ നിന്നാണോ: ജയ് ശ്രീറാം, വന്ദേമാതരം വിളിയ്ക്കണം; മാധ്യമപ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍. ഡല്‍ഹി ജന്തര്‍ മന്ദറില്‍ വെച്ചാണ് സംഭവം. ഓണ്‍ലൈന്‍ മാധ്യമമായ നാഷണല്‍ ദസ്തകിലെ മാധ്യമപ്രവര്‍ത്തകന്‍ അന്‍മോല്‍ പ്രീതത്തെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.

ഏക സിവില്‍ കോഡ് ആവശ്യപ്പെട്ട് ബിജെപി മുന്‍ വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അന്‍മോല്‍ പ്രീതം.

ഇന്നലെ വൈകിട്ടായിരുന്നു മാര്‍ച്ച്. കാമറാമാന്‍ ആശിഷ് താക്കൂറിനൊപ്പമാണ് താന്‍ ജന്തര്‍ മന്ദറിലെത്തിയതെന്ന് അന്‍മോല്‍ പ്രീതം പറഞ്ഞു.

‘ഞാനെത്തിയപ്പോള്‍ 300-400 പേര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് ഈ വര്‍ഗീയമായ മുദ്രാവാക്യം ഉയര്‍ന്നത്. ഏഴ് വര്‍ഷമായി ബിജെപിയാണ് ഭരണത്തില്‍. എന്നിട്ടും ഇവര്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് എനിക്കറിയണമായിരുന്നു. ഞാനവരോട് സംസാരിക്കാന്‍ തുടങ്ങി.

രാജ്യം ഇന്നും ദാരിദ്ര്യത്തില്‍ അല്ലേ, പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചു. ഇതോടെയാണ് ഞാന്‍ ജിഹാദി ചാനലില്‍ നിന്നാണോ എന്ന് ചോദിച്ച് ആള്‍ക്കൂട്ടം അലറാന്‍ തുടങ്ങിയത്. ദാരിദ്ര്യം കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഉണ്ടായിരുന്നുവെന്ന് അവരില്‍ ചിലര്‍ പറഞ്ഞു.


ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു. ജയ് ശ്രീറാം, വന്ദേമാതരം എന്ന് ഉരുവിടാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പറഞ്ഞു. ജയ് ശ്രീറാം ഒരു രാഷ്ട്രീയ അജണ്ടയാണെന്ന് തോന്നിയതിനാല്‍ പറയാന്‍ തോന്നിയില്ല. ആദ്യം ഞാന്‍ ശാന്തനായിരുന്നു. സാഹചര്യം നിയന്ത്രണവിധേയമായിരിക്കുമെന്ന് കരുതി.

പക്ഷേ ഒരാള്‍ എന്റെ ചുമലില്‍ പിടിച്ചുതള്ളി. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം എന്ന് പറഞ്ഞേ തീരൂ എന്ന് ഒരാള്‍ പറഞ്ഞു. എനിക്ക് തോന്നിയാല്‍ മാത്രമേ പറയൂ എന്നും നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ലെന്നും ഞാന്‍ മറുപടി നല്‍കി. അവര്‍ അക്രമാസക്തരാകുമെന്ന് ഇതോടെ ഞാന്‍ ഭയന്നു. ഞാനും കാമറാമാനും ഒരുവിധം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പുറത്തുകടന്നു. എന്റെ കയ്യില്‍ കാമറയും മൈക്കും ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അവര്‍ എന്നെ ആക്രമിക്കാതിരുന്നതെന്നും അന്‍മോല്‍ പ്രീതം ന്യൂസ് ലോണ്‍ഡ്രിയോട് പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വിഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആളുകള്‍ അനുമതി കൂടാതെയാണ് സ്ഥലത്ത് ഒരുമിച്ചുകൂടിയതെന്നും ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദീപക് യാദവ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല. വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ല, അവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്.

Exit mobile version